ആ മന്ത്രിസഭയിലെ മന്ത്രിമാർ അർധരാത്രിയിൽ സരിതയുമായി ഫോണിൽ സംസാരിച്ചത് ഇന്ത്യൻ ഭരണഘടന പഠിപ്പിക്കാനല്ലല്ലൊ എന്ന് പരിഹസിച്ചത് കെ മുരളീധരനാണ്. അന്നൊന്നും സരിത ഉമ്മൻചാണ്ടിക്കെതിരെ എന്നല്ല, ഒറ്റ കോൺഗ്രസ് നേതാക്കൾക്കെതിരെയും പ്രതികരിച്ചിരുന്നില്ല. 42 പേജുള്ള
അവരുടെ രഹസ്യമൊഴി മൂന്നര പേജായതും തമ്പാനൂർ രവിയും ബെന്നി ബെഹന്നാനുമെല്ലാം സരിതയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുമെല്ലാം ഓർക്കുമല്ലൊ?
ഇതെല്ലാം കഴിഞ്ഞാണ് ഉമ്മൻ ചാണ്ടിക്കെതിരെ വ്യക്തിഗത ആരോപണം സരിത ഉന്നയിച്ചത്. അതും സോളാർ കമ്മീഷൻ മുമ്പാകെയാണ്. അപ്പോഴും ദേശാഭിമാനി അപകീർത്തികരമായി വാർത്ത നൽകിയില്ല. മറ്റ് പത്രങ്ങളെക്കാൾ മിതത്വം പാലിച്ചിരുന്നു. ഈ മാപ്പ് പറയുന്ന വിദ്വാൻ ദേശാഭിമാനിയിൽ ഉണ്ടായതായി അവകാശപ്പെടുന്ന കാലഘട്ടം മുഴുക്കെ തിരുവനന്തപുരം ബ്യൂറോയിൽ ഞാനുണ്ടായിരുന്നു.
ഒരു ആലങ്കാരിക പദവിയിൽ ഇരുന്നു എന്നതൊഴിച്ച് ഒരു വിഷയത്തിലും ടിയാൻ ഇടപെട്ടിട്ടുമില്ല, അഥവാ ഇടപെടാൻ അവസരമുണ്ടാക്കിയിട്ടുമില്ല എന്നതാണ് അതിലെ വസ്തുത.
എന്നിട്ടിപ്പോൾ ആളാകാൻ ഓരോന്ന് വിളിച്ച് കൂവുന്നതും ബലരാമൻമാർ അത് ഏറ്റുപിടിക്കുന്നതും ഉമ്മൻചാണ്ടിയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ആ വിഷയം വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി അദ്ദേഹത്തെ അപമാനിക്കാനാണ്.
ഒരിക്കൽ കൂടി പറയട്ടെ, രാഷ്ട്രീയമായും ഭരണപരമായും ഉമ്മൻചാണ്ടിയെ ദേശാഭിമാനി അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. പക്ഷെ, ഒരിക്കലും വ്യക്തിപരമായൊ കുടുംബപരമായൊ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. എന്ന് മാത്രമല്ല, അദ്ദേഹത്തിൻ്റെ കുടുംബത്തിനെതിരെ ഒരു മുൻ ബന്ധു വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബിൽ എത്തിയപ്പോൾ ആട്ടിയോടിച്ചതിൽ മുന്നിൽ നിന്നത് ദേശാഭിമാനി പ്രവർത്തകരാണ്. അതുകൊണ്ട് ദേശാഭിമാനിയെ സദാചാര ബോധം പഠിപ്പിക്കാൻ ഇറങ്ങുന്ന ബലരാമൻമാർ കണ്ണാടി നോക്കണം.
ഒരു ജനനേതാവിൻ്റെ മൃതശരീരം അടക്കം ചെയ്യും മുമ്പ് വിവാദം സൃഷ്ടിച്ചാൽ മറുപടി പറയാതിരുന്നാൽ അത് കുറ്റം സമ്മതിക്കലാകുമല്ലൊ. അതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്. അതിൽ തീർച്ചയായും അതിയായ വിഷമവുമുണ്ട്. കാരണം ആ രാഷ്ട്രീയ നേതാവിനോട് ചില കാര്യങ്ങളിലെങ്കിലും ആദരവും ബഹുമാനവുമുള്ള ഒരു മാധ്യമ പ്രവർത്തകനാണ് ഞാൻ. ആ വേർപാടിൽ ആത്മാർഥമായും ദു.ഖിക്കുന്ന ഒരു പ്രജയുമാണ്. സോളാർ അഴിമതിയെ കുറിച്ച് നമുക്ക് വേറെ തർക്കിക്കാം. ഒരുപാട് ഒരുപാട് പറയാനുമുണ്ട്. അത് തീർത്തും രാഷ്ട്രീയമാണ്. അഴിമതി നിറഞ്ഞതുമാണ്.
ഒരിക്കൽ കൂടി പ്രിയ നേതാവിന് ആദരാഞ്ജലി. ഇത്രയും എഴുതേണ്ടി വന്നതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
No comments:
Post a Comment